ബെർലിൻ: ബെർലിനിൽ 11 മണിക്കൂറിലേറെ നീണ്ടുനിന്ന സൂപ്പർമാർക്കറ്റ് ബന്ദിനാടകം പ്രത്യേക പോലീസ് സേനയായ എസ്ഇകെയുടെ സാഹസിക ഓപ്പറേഷനോടെ അവസാനിച്ചു. മാരിയൻഫെൽഡെയിലെ റേവെ സൂപ്പർമാർക്കറ്റിൽ വനിതാ കാഷ്യറെ കത്തിമുനയിൽ ബന്ദിയാക്കിയ പ്രതിയെ ശനിയാഴ്ച രാവിലെ 9.20ഓടെ കസ്റ്റഡിയിലെടുത്ത് ജീവനക്കാരിയെ സുരക്ഷിതമായി മോചിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 10ന്, കട അടയ്ക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെയാണ് അവസാന ഉപഭോക്താവെന്ന നിലയിൽ പ്രതി സൂപ്പർമാർക്കറ്റിലെത്തിയത്. സാധനങ്ങൾ കൗണ്ടറിൽ വയ്ക്കാൻ വിസമ്മതിച്ച ഇയാൾ കൈവശമുണ്ടായിരുന്ന വലിയ കത്തി പുറത്തെടുത്ത് വനിതാ കാഷ്യറെ ബന്ദിയാക്കുകയായിരുന്നു.
സംഭവവിവരമറിഞ്ഞെത്തിയ പോലീസ്, പ്രത്യേക ചർച്ചാ സംഘം, നായപ്പട, എസ്ഇകെ കമാൻഡോകൾ എന്നിവർ സൂപ്പർമാർക്കറ്റ് വളഞ്ഞു. രാത്രി മുഴുവൻ പ്രതിയുമായി ഫോണിൽ സംസാരിച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല.
ഒടുവിൽ ശനിയാഴ്ച രാവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം എസ്ഇകെ സംഘം മേൽക്കൂരയിലൂടെയും പ്രധാന പ്രവേശന കവാടത്തിലൂടെയും ഒരേസമയം അകത്തുകയറി മിന്നൽ ഓപ്പറേഷൻ നടത്തി.
ടേസർ ഗൺ ഉപയോഗിച്ച് നിമിഷങ്ങൾക്കകം പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ചെറിയ പരിക്കുകളോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കത്തിമുനയിൽ മണിക്കൂറുകളോളം ബന്ദിയായിരുന്ന വനിതാ കാഷ്യറെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയെങ്കിലും കടുത്ത മാനസികാഘാതം അനുഭവിക്കുന്നതായി അധികൃതർ അറിയിച്ചു.
പ്രതിയുടെ ലക്ഷ്യം എന്തായിരുന്നുവെന്നത് ഉൾപ്പെടെ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയും കാഷ്യറും തമ്മിൽ മുൻപരിചയമില്ലെന്ന് പോലീസ് അറിയിച്ചു.
ജർമനിയിലെ സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും നിരവധി പ്രവാസി മലയാളികൾ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഈ സംഭവം പ്രവാസി സമൂഹത്തിനിടയിലും സുരക്ഷാ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.